ന്യൂഡൽഹി: വിമത എംപിമാർ പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള വഴികൾ തേടുന്നുണ്ടെന്നും താനുമായി ചിലർ ബന്ധപ്പെട്ടുവെന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്. ചില തൃണമൂൽ വിമത എംപിമാർ എൻഡിഎ യോഗത്തിൽ നിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ.
എൻഡിഎ എംപിമാരുടെ പ്രതിവാര യോഗമായ മംഗൾ മിലാനിൽ അബു താഹിർ ഖാൻ, ഖലീലുർ റഹ്മാൻ, യൂസഫ് പത്താൻ എന്നീ മൂന്ന് എംപിമാരാണ് വിട്ടുനിന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. അതേസമയം ഇതെക്കുറിച്ച് വ്യക്തതവരുത്താൻ തൃണമൂൽ നേതൃത്വം തയാറായില്ല.
ഇതിനിടയിൽ ഡൽഹിയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വിമത എംപിമാർക്ക് വിരുന്ന് നൽകി. എൻഡിഎ യോഗത്തിൽ വിട്ടുനിന്ന മൂന്ന് എംപിമാർ ഉൾപ്പെടെ 20 പേരും ഈ വിരുന്നിൽ പങ്കെടുത്തു. തൃണമൂൽ വിമത നീക്കത്തിന് ചുക്കാൻ പിടിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവരും വിരുന്നിൽ പങ്കെടുത്തിരുന്നു.
യോഗത്തിൽ നിന്ന് വിട്ടുനിന്ന എംപിമാരും എൻഡിഎയോടൊപ്പമാണെന്നും അവരുടെ വിട്ടുനിൽക്കൽ ഒരു തന്ത്രപരമായ നീക്കം മാത്രമാണെന്നും ഒരു മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. അതേസമയം ഈ 20 എംപിമാരുടെ എൻസിപിഐ ലയനം സ്പീക്കർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ലോക്സഭാ വെബ്സൈറ്റിൽ ഇവർ ഇപ്പോഴും തൃണമൂൽ എംപിമാർ തന്നെയാണ്. സഭയിൽ സംസാരിക്കുമ്പോൾ ടെലിവിഷൻ സംപ്രേക്ഷണങ്ങളിൽ ഇവരുടെ പാർട്ടി ലേബൽ തൃണമൂൽ എന്ന് തന്നെയാണ് കാണിക്കുന്നത്. സ്പീക്കറുടെ അന്തിമ തീരുമാനം വരുന്നത് വരെ ഇവർ ലോക്സഭയിൽ തൃണമൂൽ എംപിമാരിൽ നിന്ന് മാറിയാണ് ഇരിക്കുന്നത്.
20 എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ഇതിനകം സ്പീക്കർക്ക് ഹർജി നൽകിയിട്ടുണ്ട്. ഇതിനിടെ സുവേന്ദു അധികാരി പാർലമെന്റ് മന്ദിരത്തിലെത്തി സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. വിമത എംപിമാരുടെ കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വരുമെന്നാണ് റിപ്പോർട്ട്.